ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല, ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാന്‍ കഴിയില്ല.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. പക്ഷെ തെറ്റായ നടപടി സ്വീകരിക്കാനും പാടില്ല. ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതലുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവുമധികം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജില്ലായടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും. മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന സൗകര്യമുള്‍പ്പെടെയുള്ള പിന്തുണ നല്‍കും.
ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 64,692 പരിശോധനകള്‍ നടത്തി. 7414 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 5259 സ്ഥാപനങ്ങളില്‍ നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 20,226 സര്‍വയലന്‍സ് സാമ്പിളും 6389 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. മൊബൈല്‍ ലാബ് വഴി 25,437 പരിശോധനകള്‍ നടത്തി. പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നെന്നും മന്ത്രി വ്യക്തമാക്കി.