പുതിയ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ
സംസ്ഥാനത്ത് 267 മദ്യശാലകൾ കൂടി തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. നാടിനെ സർവത്ര നാശത്തിലേക്ക് നയിക്കുന്ന മദ്യനയം ജനനന്മയെ മുൻനിർത്തി പൊളിച്ചെഴുതുകയും വേണമെന്ന് കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു
കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്; ഇപ്പോള്‍ത്തന്നെ നേരിടുന്ന ലഹരിവിപത്തിന്റെ കനത്ത ആഘാതവ്യാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്. അതുകൊണ്ട് പുതിയതായി 267 മദ്യശാലകള്‍ അനുവദിക്കാനുള്ള ജനദ്രോഹപരമായ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിക്കുന്നു. നാടിനെ സര്‍വ്വത്ര നാശത്തിലേയ്ക്കു നയിക്കുന്ന മദ്യവ്യാപന നയം ജനനന്മയെ മുന്‍നിര്‍ത്തി അടിമുടി പൊളിച്ചെഴുതണമെന്നും താല്‍പര്യപ്പെടുന്നു.
2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്. തുടര്‍ന്നും ബാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ എക്‌സൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അതിന്റെയൊക്കെ വിശദവിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബെവ്‌കോയുടെ 270, കണ്‍സ്യുമര്‍ഫെഡിന്റെ 36, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍, നാലായിരത്തിലധികം കള്ളുഷാപ്പുകള്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നതിനു പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിച്ചിട്ടുള്ളത്.
ഇതിനിടയില്‍ ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് 175 മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദ്ദേശങ്ങളൊന്നും തന്റെ വിധിയില്‍ ഇല്ലെന്ന് ബഹു.ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍തന്നെ വ്യക്തമാക്കിയതോടെ താല്‍ക്കാലികമായി നിര്‍ത്തിവെക്കപ്പെട്ട ആ നീക്കങ്ങള്‍ വീണ്ടും സജീവമായിരിക്കയാണ്.
ഇതൊന്നുംപോരാഞ്ഞിട്ട് ഐ.ടി.മേഖലയില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനും കരുക്കള്‍ നീക്കിവരികയാണ്.
സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്തിയ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
മയക്കുമരുന്നു കേസ്സുകള്‍ 2020 വര്‍ഷത്തിലെ മാസശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്ക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസ്സുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്.