സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ താമസുണ്ടാകാതെ തന്നെ സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. സ്‌കൂൾ തുറക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാൽ പോര. വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നത്.
സ്‌കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. വിദഗ്ധർ പഠനം നടത്തുന്നുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാകും തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും ശിവൻകുട്ടി അറിയിച്ചു.