Tuesday, January 7, 2025
Kerala

എ എ അസീസ് സ്ഥാനമൊഴിഞ്ഞേക്കും; ഷിബു ബേബി ജോണ്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയാകുമെന്ന് സൂചന

എ എ അസീസ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞേക്കും. പകരം മുന്‍മന്ത്രി ഷിബു ബേബി ജോണിനെ സംസ്ഥാന സെക്രട്ടറി ആക്കുമെന്നാണ് സൂചന. സ്ഥാനമൊഴിയുന്ന കാര്യം നേരത്തെ ആലോചിച്ചിരുന്നതായും കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനം എടുക്കുമെന്നും എ എ അസീസ് പ്രതികരിച്ചു.

ആര്‍എസ്പി സംസ്ഥാന സമ്മേളനം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലാണ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ തുടര്‍ച്ചയായ നാലാം തവണയാണ് എ എ അസീസിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കടുത്ത വിഭാഗീയത നിലനിന്നിരുന്നെങ്കിലും ഷിബു ബേബി ജോണ്‍ തന്നെ അസീസിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ധാരണയിലായിരുന്നു അന്നത്തെ തീരുമാനം. ഈ വാക്ക് പാലിക്കാന്‍ ഒരുങ്ങുകയാണ് എ എ അസീസ്.

ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എ എ അസീസ് പറഞ്ഞു. കേന്ദ്ര സെക്രട്ടറിയേറ്റും ഫെബ്രുവരി മാസം 10,11,12 തിയതികളില്‍ ഡല്‍ഹിയില്‍ കൂടുന്നുണ്ട്. അവിടെയും ഈ കാര്യം ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് അസീസ് സ്ഥാനമൊഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *