യൂണിവേഴ്സിറ്റി കോളജിലെ രാത്രി നൃത്തം; ജോബിൻ ജോസിനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
യൂണിവേഴ്സിറ്റി കോളജിലെ രാത്രി നൃത്തത്തിന്റെ പേരിൽ ജോബിൻ ജോസിനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സി.പി.ഐ.എം നെയ്യാർ ഡാം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജോബിൻ ജോസ്. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റ് ആണ്. ലഹരിവിരുദ്ധ പരിപാടിക്ക് ശേഷമാണ് രാത്രി മദ്യപിച്ച് നൃത്തം ചെയ്ത് വിവാദത്തിലായത്.
രാത്രി നൃത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥനെയും പ്രസിഡന്റായിരുന്ന ജോബിൻ ജോസിനെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. നവംബർ 11ന് ജില്ലയിൽ എസ്എഫ്ഐ ലഹരിവിരുദ്ധ ക്യാംപയിൻ സംഘടിപ്പിച്ചിരുന്നു. ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ശേഷം ജില്ല പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ യൂണിവേഴ്‌സിറ്റി കോളജിലെത്തി മദ്യപിച്ച് പൊതുനിരത്തിൽ നൃത്തം ചെയ്യുകയായിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിവാദമാവുകയും പാർട്ടി പ്രതിരോധത്തിവാലുകയും ചെയ്തിരുന്നു. തുടർന്ന് ഇവർക്കെതിരെ പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി കൈക്കൊണ്ടത്. വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ ജില്ല സെക്രട്ടറി ജെ ജെ. അഭിജിത്തിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് ജോബിൻ ജോസിനെതിരെയും നടപടി വരുന്നത്.