Saturday, October 19, 2024
Kerala

പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്; പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തി സിപിഐഎം

പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിന് പിന്നാലെ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തി സിപിഐഎം. പ്രതികരണങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, പാർട്ടി തീരുമാനത്തിനെതിരെ പ്രതികരണം നടത്തിയ ബിനു പുളിക്കാക്കണ്ടത്തിനെതിരെ തത്കാലം നടപടി വേണ്ടന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. എന്നാൽ ബിനുവിന്റെ പ്രസ്താവനകൾ വ്യക്തഹത്യപരമാണ് എന്ന് ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസ് എം, മുന്നണിയിൽ പ്രതിഷേധം അറിയിക്കും.

ജോസ് കെ മാണിയുടെ പേര് പരാമർശിക്കാതെ ചതിയുടെ കറുത്ത ദിനമാണ് ഇന്നെന്ന് ബിനു പുളിക്കകണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഒരു പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത വസ്ത്രം ധരിച്ചത്. ചെറുപ്പകാലം മുതൽ രാഷ്ട്രീയത്തിലേക്ക് താത്പര്യം തുടങ്ങിയ കാലം മുതലേ ഇഷ്ടമുള്ളത് ശുഭ്രവസ്ത്രമായിരുന്നു. ആ വസ്ത്രം എന്റെ നഗരസഭാ പ്രവർത്തന കാലയളവിലേക്ക് ഉപേക്ഷിച്ചുകൊണ്ട് പ്രതികാര രാഷ്ട്രീയത്തിന്റെ വക്താവ് നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചതിയുടെ ദിനമാണ് ഇന്ന്. ഇതിവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല.

എന്നോട് രാഷ്ട്രീയ നെറികേട് കാണിച്ച വ്യക്തിയെ ആക്ഷേപിക്കാൻ ഞാൻ മുതിരുന്നില്ല കാരണം, എനിക്ക് താങ്ങും തണലുമായ സിപിഐഎമ്മിലുള്ള അടങ്ങാത്ത വിശ്വാസം കൊണ്ടാണ്. ഇന്നിവിടെ വലിയ വിജയം നേടിയെന്ന് ചിലർ ആശ്വസിക്കുമ്പോൾ അതിനൊക്കെ കാലം മറുപടി നൽകും. നാളെകളിൽ പാലാ നഗരസഭാ കൗൺസിലിൽ എന്റെ ഒരു പ്രമേയംകാണും. അതിനെ പിന്തുണയ്ക്കുന്നവർക്ക് പിന്തുണയ്ക്കാം. ഓട്‌പൊളിച്ച് വന്ന് നഗരസഭയിലെത്തിയ ആളല്ല ഞാൻ. ഓരോ തവണയും വലിയ ജനപിന്തുണയോടെയാണ് ഞാൻ എത്തിയിട്ടുള്ളത്’. ബിനു പുളിക്കകണ്ടം പറഞ്ഞു.

തന്നോട് ചെയ്ത ചതിക്ക് സിപിഐഎം കൂട്ടുനിൽക്കരുതായിരുന്നു. അണികളുടെ ഹൃദയം നുറുങ്ങിയ ദിവസമാണ് ഇന്ന്. ഈ രാഷ്ട്രീയ നെറികേടുകളിൽ താൻ തളരില്ല. തനിക്ക് പ്രതിഷേധമില്ലെന്നും ബിനു പറഞ്ഞു.

കേരള കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തിൽ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗൺസിൽ യോഗത്തിനിടെ മർദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോൺഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാൽ ഈ വിഷയത്തിലെ കേരളാ കോൺഗ്രസിന്റെ വിലപേശൽ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published.