കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്‌റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികവിവരം. കളി കണ്ട് മടങ്ങിയ ഇവര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന്‍ എന്ന പൊലീസുകാരന്‍ ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്.
അക്രമികള്‍ പൊലീസുകാരനെ കാലില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരു പൊലീസുകാരനും മര്‍ദനമേറ്റു. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു പേർ ഒളിവിലാണ്. ഇവര്‍ മദ്യലഹരിയിലാണോയെന്നും സംശയമുണ്ട്.