Saturday, January 4, 2025
KeralaWayanad

ആന ചവിട്ടിയത് നെഞ്ചില്‍; കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ആനയുടെ ചവിട്ടേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലാണ് ചവിട്ടേറ്റതെന്നാണ് പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. തലയുടെ പിന്‍ഭാഗത്തുള്‍പ്പെടെ ശരീരത്തില്‍ നിരവധി ചതവുകളുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

നെഞ്ചിലേറ്റ ചവിട്ടാണ് മരണ കാരണം. കാല്‍പത്തിയിലും കാല്‍മുട്ടിലും പരിക്കുണ്ട്. ശരീരത്തില്‍ ബാഹ്യമായ പരിക്കുകളൊന്നും കാണാത്തതുകൊണ്ട് ആനയുടെ ചവിട്ടേറ്റാണോ മരണമെന്ന കാര്യത്തില്‍ നേരത്തെ സംശയമുണ്ടായിരുന്നു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്താണ് റിസോര്‍ട്ട്.

30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവരുന്ന നേരത്തായിരുന്നു ആനയുടെ ആക്രമണം. ചിഹ്നം വിളി കേട്ട്‌ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഷയത്തില്‍ കലക്ടര്‍ അദീല അബ്ദുല്ല തഹസില്‍ദാറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ടെന്‍റ് ടൂറിസത്തില്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ടിന് അനുമതിയില്ല എന്നാണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. സംഭവസ്ഥലം കലക്ടര്‍ സന്ദര്‍ശിച്ചു.

രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് റിസോര്‍ട്ടിലുള്ളത്. എന്നാല്‍ ദിനേന മുപ്പതും നാല്‍പ്പതും ആളുകള്‍ റിസോര്‍ട്ടിലെത്തുന്നുണ്ട്. പുഴയരോത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ നിര്‍മിച്ച ടെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്.

നാലു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടാണിത്. വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യ തോട്ടത്തിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയ പ്രദേശങ്ങളാണ് എളമ്പലേരിയും തൊട്ടടുത്തുള്ള തൊള്ളായിരംകണ്ടിയും. ഇവിടെയെല്ലാം ടെന്റടിച്ച് താമസിക്കുക എന്നതാണ് രീതി. ടെന്റടിച്ച് താമസിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല എന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *