Thursday, April 10, 2025
Kerala

സി.എം രവീന്ദ്രനെ രണ്ടാം ദിവസവും നീണ്ട പത്ത് മണിക്കൂറിലധികം ചോദ്യംചെയ്ത് ഇ.ഡി, വീണ്ടും വിളിപ്പിച്ചേക്കും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)  നീണ്ട പത്ത് മണിക്കൂറിലധികം ചോദ്യംചെയ്തു. രാവിലെ 9.30-ഓടെ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായ അദ്ദേഹത്തെ ചോദ്യംചെയ്യുന്നത് രാത്രി വൈകിയാണ് അവസാനിച്ചത്. അദ്ദേഹത്തെ ഇ.ഡി വീണ്ടും ചോദ്യംചെയ്തേക്കും.

സി.എം രവീന്ദ്രന്റെ വിദേശയാത്രകള്‍, സ്വര്‍ണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് സൂചന. വിദേശയാത്രകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അത്തരത്തിലുള്ള രേഖകളൊന്നും രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയില്ല.

ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ഇടവേളകള്‍ നല്‍കിയാണ് രവീന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *