Saturday, March 15, 2025
Kerala

കാർഷിക നിയമം പിൻവലിച്ചത് രാജ്യസുരക്ഷയെ കണക്കിലെടുത്ത്; എം.പി സുരേഷ് ​ഗോപി

വിവാദമായ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചത് രാജ്യസുരക്ഷയെ കണക്കിലെടുത്തെന്ന് സുരേഷ് ​ഗോപി എം.പി. അതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ പ്രസം​ഗം വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ചില കാര്യങ്ങളിൽ കർഷകർക്ക് യോജിപ്പ് ഉണ്ടെന്നും ചില കാര്യങ്ങളിൽ എതിർപ്പുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം അതിന്റെ കോപ്പി എം പിമാർക്ക് ലഭിയ്ക്കാറുണ്ട്. അത് ലഭിച്ചാൽ പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നുമാണ് സുരേഷ് ഗോപി എം.പി പറഞ്ഞത്.

രാജ്യത്താകമാനം കർഷക പ്രക്ഷോഭങ്ങൾക്ക് കാരണമായ മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാവിലെയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. എന്റെ അഞ്ച് പതിറ്റാണ്ടിന്റെ പ്രവർത്തനത്തിൽ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഞാൻ കണ്ടിട്ടുണ്ട്. രാഷ്ട്രം എന്നെ പ്രധാനമന്ത്രിയാക്കിയപ്പോൾ, കർഷക വികസനത്തിനാണ് ഞാൻ പ്രാധാന്യം നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ വിവാദമായ കാർഷിക നിയമങ്ങൾ പാർലമെന്റിൽ അസാധുവാക്കിയതിന് ശേഷം മാത്രമേ കാർഷിക നിയമങ്ങൾക്കെതിരെ ഉള്ള സമരം പിൻവലിക്കൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികൈത് പറഞ്ഞു.വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകരുടെ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബികെയു ദേശീയ വക്താവ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *