‘മദ്യപിച്ച് വാഹനമോടിച്ചതു കൊണ്ട് അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല’; ഹൈക്കോടതി
കൊച്ചി: അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി.അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നയാള്‍ 2009 മേയ് 19-ന് ദേശീയപാതയിലൂടെ ബൈക്കില്‍ യാത്ര ചെയ്യവേ, എതിര്‍വശത്തുനിന്ന് മറ്റൊരുവാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസ്സിടിച്ചാണ് മരിച്ചത്. അശ്രദ്ധയോടെ ബസ് ഓടിച്ചതിന് ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചിലും ബൈക്ക് യാത്രക്കാരന്‍ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു.എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസപരിശോധന റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ നിയമപ്രകാരം അനുവദനീയമായതിനെക്കാള്‍ മദ്യമുള്ളതായി കണ്ടെത്തി. ഇതാണ് ഇന്‍ഷുറന്‍സ് തുക നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിപ്രകാരം അര്‍ഹമായ ഏഴുലക്ഷം രൂപ നല്‍കാന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയില്‍ പോയത്.
എന്നാല്‍ മദ്യത്തിന്റെ അളവിനെ മാനദണ്ഡമാക്കാനാവില്ല എന്നാണ് ജസ്റ്റിസ് ഷാജി പി. ചാലി വിലയിരുത്തിയത്. ‘അളവിനെക്കാള്‍ അപ്പുറം, മദ്യത്തിന്റെ സ്വാധീനം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ വളരെക്കുറച്ച് മദ്യം കഴിച്ചയാള്‍ കൂടുതല്‍ ഉപയോഗിച്ചയാളെക്കാള്‍ ലഹരിയിലായിരിക്കും. അത് ഓരോരുത്തരുടെയും ആരോഗ്യത്തെയും ശേഷിയേയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തില്‍ പൊതുമാനദണ്ഡം സ്വീകരിക്കാനാകില്ല’ -കോടതി അഭിപ്രായപ്പെട്ടു.