കെ.എസ്.ആർ.ടി.സി. കോഴിക്കോട് -ബംഗളൂരു സർവീസിന് റെക്കോഡ് വരുമാനം
ബെംഗളൂരുവിലേക്ക് മറ്റ് പൊതുഗതാഗതസംവിധാനങ്ങൾ ഇല്ലാത്തതിനാൽ കോഴിക്കോട്ടുനിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസിന് റെക്കോഡ് വരുമാനം. രാവിലെ എട്ടുമണിക്കും രാത്രി 8.31-നുമുള്ള രണ്ട് സർവീസുകൾക്കുമായി തൊണ്ണൂറായിരം മുതൽ 98,000വരെ ദിവസം വരുമാനം ലഭിക്കുന്നുണ്ട്. കോഴിക്കോട് ഡിപ്പോയിൽ 46 ബസുകൾക്കുമായി ദിവസവരുമാനം 3.80 ലക്ഷത്തിനും 3.90 ലക്ഷത്തിനുമിടയിൽ നിൽക്കുമ്പോഴാണ് ബംഗളൂരുവിലേക്കുള്ള രണ്ട് ബസുകളിൽനിന്നുമാത്രം ദിവസം ഒരു ലക്ഷത്തോളം വരുമാനം ലഭിക്കുന്നത്.
കിലോമീറ്ററിന് 70 രൂപയാണ് ഇപ്പോൾ ബംഗളൂരു സർവീസിന് ലഭിക്കുന്നത്. ഒക്‌ടോബർ 13-ന് അത് 79.6 രൂപ ആയിരുന്നു. കെ.എസ്.ആർ.ടി.സി.യിലെ ഏറ്റവും ഉയർന്ന ശരാശരിയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
ബംഗളൂരുവിലേക്ക് 40-നും 50-നും ഇടയിലാണ് ഒരുകിലോമീറ്റിന് ലഭിക്കാറുള്ളത്. കോവിഡിനുമുൻപ് 12 സർവീസുകൾ ഉണ്ടായിരുന്നു. ലോക്ഡൗണിനുശേഷം ഓഗസ്റ്റ് 26-നാണ് ബംഗളൂരുവിലേക്ക് കോഴിക്കോട്ടുനിന്ന് ആദ്യസർവീസ് തുടങ്ങിയത്. യാത്രക്കാർ കൂടുതലായതിനാൽ ഒക്‌ടോബർ 21-ന് തുടങ്ങേണ്ട മൂന്നാമത്തെ ബംഗളൂരു സർവീസ് മൂന്നുദിവസം മുൻപേ 18-നുതന്നെ തുടങ്ങി. വൈകുന്നേരമാവുമ്പോഴേക്കും 39 സീറ്റും ബുക്കിങ് ഫുള്ളാവുകയും ചെയ്തു. ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി.യെമാത്രം ആശ്രയിക്കേണ്ട സാഹചര്യമായതിനാൽ കൂടുതൽ സർവീസ് തുടങ്ങണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നാലുബസുകളാണ് ദിവസവും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ അവർ എട്ടുസർവീസുകളാണ് നടത്താറുള്ളത്.
കോഴിക്കോട് ഡിപ്പോയിൽ ജീവനക്കാരും ബസും തയ്യാറാണ്. അനുമതി ലഭിച്ചാൽ ആവശ്യമുള്ള മുറയ്ക്ക് സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
രാത്രി 10-ന് ഒരു ബസുകൂടെ സർവീസ് തുടങ്ങി