Friday, October 18, 2024
Kerala

മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മറുപടി; ഡയറിയിലെ പി.വി ആരുമാകാമെന്ന് പിണറായി വിജയന്‍

വാര്‍ത്താ സമ്മേളനത്തില്‍, മകള്‍ വീണ വിജയന്റെ കമ്പനിയെ പറ്റിയുള്ള ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പണം കൈപറ്റിയെന്ന് ആരും കണ്ടെത്തിയിട്ടില്ല. നിയമപരമായ റിട്ടേണുകളിലുള്ള വിവരമാണ് പറഞ്ഞിരിക്കുന്നത്. പിണറായി വിജയനെ തകര്‍ത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിക്കുന്നത് ഇപ്പോഴല്ല. കുടുംബാംഗങ്ങളെ കൂടി കൂട്ടുകയാണെങ്കില്‍ അങ്ങനെ നടക്കട്ടെ. അങ്ങനെ ഒന്നും തകരുന്ന ആളല്ല പിണറായി വിജയന്‍ എന്നുംമുഖ്യമന്ത്രി പ്രതികരിച്ചു.

മാസപ്പടി ആരോപണത്തില്‍ തന്റെ ചുരുക്കപ്പേര് ആരോപണപട്ടികയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പി.വി എന്നത് ആരുടെ ചുരുക്കപ്പേരുമാകാം. ഈ നാട്ടില്‍ എത്ര പി.വി മാരുണ്ടെന്നും ബിജെപിയുടെ ഉദ്യോഗസ്ഥര്‍ ഓരോന്ന് ചിന്തിക്കുന്നതിന് താന്‍ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ ഗൂഡാലോചന നടത്തിയെന്നതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറപടി പറഞ്ഞു. ചില സ്ഥാനങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഗൂഡനീക്കങ്ങള്‍ നടത്തിയെന്നതൊക്കെ പുറത്തുവന്ന കാര്യമാണല്ലോ എന്നും അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോഴുള്ള യുഡിഎഫിന്റെ ഉദ്ദേശം എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളും കുടുംബത്തിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നീണ്ട നാള്‍ തുടര്‍ന്ന മൗനം അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു പിണറായി വിജയന്‍ അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. മാധ്യമങ്ങളെ കാണാതിരുന്നതല്ലെന്നും ഇടവേള എടുത്തത് മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published.