പിണറായി വിജയൻ്റെ മകൾ മാത്രമല്ല, കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്; കെ.സുരേന്ദ്രൻ
പിണറായി വിജയൻ്റെ മകൾ മാത്രമല്ല കരിമണൽ കടത്ത് കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതെന്ന് ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. ജനങ്ങൾ വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്ന ജോലി പ്രതിപക്ഷത്തിൻ്റേതാണ്. പ്രതിപക്ഷ നേതാവിൻ്റെ പട്ടം അഴിച്ച് വച്ച് തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുന്നതാണ് നല്ലത്. നിയമസഭയിൽ ഒരു ചോദ്യം പോലും പ്രതിപക്ഷം ഉയർത്തിയില്ല. നാണം കെട്ട പ്രതിപക്ഷമാണ് കേരളത്തിലേത്. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു. എപ്പോഴും പിണറായി വീഴുമ്പോൾ സതീശൻ ഒരു കൈ സഹായം നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ മകൾ നേരിട്ട് കൈപ്പടി വാങ്ങിയത് പ്രതിപക്ഷ നേതാവ് മറച്ചു വെക്കുന്നു. മാസപ്പടിയെ ഇവർ പറയുന്നത് കൺസൾട്ടിംഗ് ഫീസ് എന്നാണ്.കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയതും കൺസൾട്ടൻസി ഫീസ് ആണോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ കേരളത്തിലുള്ളത് വീണാ സർവീസ് ടാക്സ് ആണെന്നും കെ സുരേന്ദ്രന്റെ പരിഹസിച്ചു.കേന്ദ്രമന്ത്രിമാരുടെ മക്കൾക്ക് കൺസൾട്ടൻസി സർവീസുണ്ട് ഇ പി ജയരാജൻ പറഞ്ഞിരുന്നു, ഏത് കേന്ദ്രമന്ത്രിമാരുടെ മക്കൾക്കാണ് കൺസൾട്ടൻസി സർവീസുള്ളതെന്ന് ജയരാജൻ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാസപ്പടി വിവാദത്തൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു. വീണ വിജയന്‍ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടത്, രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മകളെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംശയമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളിൽ സംശയമുണ്ടാക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നു. മാധ്യമങ്ങൾ പിന്മാറണം. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണം.മറ്റുള്ളവർ പണം വാങ്ങിയോ ഇല്ലയോ എന്നത് വേറെ കാര്യമാണെന്നും അത് പറയേണ്ടത് അവരാണെന്നും അദ്ദേഹം പ്രതികരിച്ചു.