മോഷ്ടിച്ച ലോറിയുമായി യുവാക്കൾ പാഞ്ഞു, പിന്നാലെ പോലീസ്, ഒടുവിൽ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി
റോഡരികിൽ കിടന്ന ലോറി മോഷ്ടിച്ച് കടക്കാനുള്ള യുവാക്കളുടെ ശ്രമം വിഫലമായി. കോഴിക്കോട് കണ്ണൂർ റോഡിൽ ഏലത്തൂർ മുതൽ ബിലാത്തിക്കുളം വരെയാണ് സംഭവങ്ങൾ നടന്നത്. സംശയം തോന്നി പോലീസ് ലോറിക്ക് പിന്നാലെ പാഞ്ഞതോടെ ലോറി ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങളെയാണ്. ഒടുവിൽ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കളെയും പോലീസ് പിടികൂടുകയും ചെയ്തു
വെള്ളിയാഴ്ച രാത്രി മലാപറമ്പിൽ നിന്നാണ് കുന്ദമംഗലം സ്വദേശിയുടെ ടിപ്പർ ലോറി മോഷണം പോയത്. ശനിയാഴ്ച രാവിലെ ഏലത്തൂരിൽ വെച്ച് സംശയം തോന്നിയ പോലീസ് ലോറിക്ക് കൈ കാണിച്ചു. എന്നാലിത് നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് സിനിമാ സ്‌റ്റൈലിൽ തന്നെ ചേസ് നടത്തി.
അതിവേഗതയിൽ പാഞ്ഞ ലോറി വഴിയിൽ അഞ്ച് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽ യാത്രക്കാർക്കൊപ്പം സാരമായ പരുക്കുകളൊന്നും സംഭവിച്ചില്ല. നടക്കാവിലെത്തിയപ്പോഴേക്കും പോലീസിന്റെ പിടിവീഴുമെന്ന് കണ്ടതോടെ യുവാക്കൾ ലോറി ബിലാത്തിക്കുളം ഭാഗത്തേക്ക് തിരിച്ചു. ഇടറോഡിലൂടെ ബിലാത്തിക്കുളം ശിവക്ഷേത്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതോടെ ദീപസ്തംഭത്തിലും കൽത്തൂണിലും ഇടിച്ച് ലോറി കുടുങ്ങി.
ലോറി കുടുങ്ങിയതോടെ യുവാക്കൾ ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഏലത്തൂർ മാട്ടുവയൽ അബ്ബാസ്(20), പണിക്കർറോഡ് നാലുകോടി പറമ്പ് നിധീഷ്(22) എന്നിവരാണ് അറസ്റ്റിലായത്.