Monday, March 10, 2025
Kerala

തിരുവല്ലം ടോൾ പ്ലാസയിൽ ‘ടോൾ കൊള്ള’; ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ; നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവല്ലം ടോൾ പ്ലാസയിൽ ദേശീയ പാത അതോറിറ്റിയുടെ ‘ടോൾ കൊള്ള’. കാർ, ജീപ്പ് തുടങ്ങി ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ നൽകണം. ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. ചെറു വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 245 രൂപയാണ് നൽകേണ്ടത്.

ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് 510 രൂപയും ഇരുവശത്തേക്കും 765 രൂപയും നൽകണം. ത്രീ ആക്‌സിൽ വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 560 രൂപയും നാല് മുതൽ ആറ് ആക്‌സിൽ വാഹനങ്ങൾക്ക് 800 രൂപയും ഏഴ് ആകസിലിന് മുകളിലുള്ള ഹെവി വാഹനങ്ങൾക്ക് 975 രൂപ ടോൾ നൽകണം.

20 കി.മീ ചുറ്റളവിലെ താമസക്കാരുടെ ലോക്കൽ പാസ്സിന് 330 രൂപ തന്നെയായി തുടരും. നേരത്തെ ജൂണിലും ഏപ്രിലിലും ടോൾ നിരക്ക് കൂട്ടിയിരുന്നു. അടിക്കടിയുള്ള നിരക്ക് വർധനയ്‌ക്കെതിരെ ജനരോഷമുയരുന്നുണ്ട്. പുതുക്കിയ ടോൾ നിരക്ക് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ പ്രാദേശിക ഘടകം മുന്നറിയിപ്പ് നൽകി.

ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് ടോൾ നിരക്ക് വർധന. വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *