ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; വിവാദ ഉത്തരവ് കാസർകോട് കലക്ടർ പിൻവലിച്ചു
കാസർകോട് ജില്ലയ്ക്കുള്ളിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കലക്ടറുടെ ഉത്തരവ് പിൻവലിച്ചു. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഉത്തരവിലെ ആശയക്കുഴപ്പം തീർക്കാൻ റവന്യു സെക്രട്ടറിക്ക് നിർദേശം നൽകി.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ ഉത്തരവിൽ മാറ്റം വരുത്താൻ മന്ത്രി നിർദേശിച്ചു. ഇതോടെ പുതിയ പത്രക്കുറിപ്പ് ഇറക്കുമെന്ന് കലക്ടർ വ്യക്തമാക്കി. ജില്ലയിലൂടെ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ഇന്ന് രാവിലെയാണ് കലക്ടർ ഉത്തരവിട്ടത്.
തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.