സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സ്വപ്‌ന സുരേഷിന്റെ അമ്മയെ ചോദ്യം ചെയ്യും
സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.