Sunday, January 5, 2025
Kerala

ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

മുൻ മന്ത്രി കെടി ജലീലിൻറെ പരാതിയിൽ കൻറോൺമെൻറ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിൻറെ വാദം.

കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സമർപിച്ച ഹരജി എറണാകുളം സെഷൻസ് കോടതിയും ഇന്ന് പരിഗണിച്ചേക്കും. കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷയൊരുക്കാനാവില്ലന്ന് നേരത്തെ ഇഡി കോടതിയെ അറിയിച്ചിരുന്നു. അതിനാൽ കേസിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന് സ്വപ്ന ആവശ്യപെടും.

മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് രംഗത്തെത്തി എച്ച്ആർഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു .

മുഖ്യമന്ത്രി തുടർച്ചയായി എച്ച്ആർഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിർത്തിയതിന് എച്ച്ആർഡിഎസിന് നന്ദിയുണ്ട്. അവരൊരു എൻജിഒ ആയതുകൊണ്ടാണ് എന്നെ ഇത്ര നാൾ സംരക്ഷിച്ചത്. എന്റെ ജോലി കളയിച്ചതിൽ മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സ്ത്രീയെയും അവരുടെ മക്കളെയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

എച്ച്ആർഡിഎസിന്റെ നിവൃത്തികേട് അവർ വളരെ സഹതാപത്തോടെയാണ് എനിക്കുള്ള ടെർമിനേഷൻ ലെറ്ററിൽ എഴുതിയത്. മുഖ്യമന്ത്രി എന്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് മാത്രമല്ല മകളുള്ളത്. കേരളത്തിലെ എല്ലാ പെൺമക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.

ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എന്നെ വിളിപ്പിച്ചു. പക്ഷേ അത് ചോദ്യം ചെയ്യലായിരുന്നില്ല. ഹരാസ്‌മെന്റ് ആയിരുന്നു. എച്ച്ആർഡിഎസിൽ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവർ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ചോദിച്ചു. ഞാൻ നൽകിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും എന്നോട് ആവശ്യപ്പെട്ടു. 770 കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *