ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാൽ ഫ്രീ സെക്സിന് വഴിയൊരുക്കും, കുട്ടികളുടെ ശ്രദ്ധ മാറുമെന്നും പിഎംഎ സലാം
കോഴിക്കോട്: സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.ഇത് ഫ്രീ സെക്സിന് വഴിയൊരുക്കും. കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്ന് മാറും. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരു ബെഞ്ചിലിരുത്തി പഠിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.
എല്ലാ മതവിശ്വാസികളും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരാണ്. എല്ലാ മതവിശ്വാസികളുടേയും താല്‍പ്പര്യമാണ് ലീഗ് പറയുന്നത്. ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു തലമുറയാണ് രാജ്യത്തിന് ആവശ്യം. അല്ലാതെ ലിബറലും ഫ്രീ സെക്‌സുമായി മുന്നോട്ടുപോകുമ്ബോഴാണ് രാജ്യത്ത് അരാജകത്വമുണ്ടാകുന്നത്. ഇതിന് തടയിടേണ്ടത് നിര്‍ബന്ധമാണെന്നും സലാം പറഞ്ഞു.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതി യോഗം ഇന്നലെ കോഴിക്കോട്ടു ചേര്‍ന്നിരുന്നു. യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ പ്രതികരണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയവും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം ധാര്‍മ്മികവും മതപരവുമായ വിഷയമാണെന്ന് പിഎംഎ സലാം പറഞ്ഞു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഒരു വിഷയമായി മാത്രം കാണരുത്. ധാര്‍മ്മികമായ വിഷയം കൂടിയാണ്. ജപ്പാനില്‍ ലിബറലിസം വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പിഎംഎ സലാം അഭിപ്രായപ്പെട്ടു.