Friday, January 10, 2025
Kerala

ജനനായകന് വിട; ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേയ്ക്ക്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിടചൊല്ലാൻ തലസ്ഥാനം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അൽപ്പസമയത്തിനകം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ജനനായകാനെ അവസാനമായി ഒരുനോക്ക് കാണാൻ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ആളുകളുടെ നീണ്ടനിരയാണ്.

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നിൽ അടക്കം അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാവാഹനം അൽപസമയം നിർത്തും.

കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും.

നാളെ ഉച്ചയ്ക്ക് ഒരുമണിക്കു സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ.

Leave a Reply

Your email address will not be published. Required fields are marked *