Saturday, October 19, 2024
Kerala

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും; ദർബാർ ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു.

ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണെന്ന് പിണറായി പറഞ്ഞു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും – കെ കരുണാകരനും എ കെ ആന്റണിയുമടക്കം – പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published.