Saturday, October 19, 2024
Kerala

പൊലീസും അറസ്റ്റും കണ്ട്‌ ഭയക്കുന്നവരല്ല യൂത്ത്‌ കോൺഗ്രസ്; ഫെയ്സ് ബുക്ക് പോസ്റ്റുമായി ടി. സിദ്ദിഖ്

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്‌ ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ടി. സിദ്ദിഖ് എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പൊലീസും അറസ്റ്റും കണ്ട്‌ ഭയക്കുന്നവരല്ല കോൺഗ്രസും യൂത്ത്‌ കോൺഗ്രസുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഭയപ്പെടുത്തി പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാം എന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്‌ ശബരീനാഥന്റെ അറസ്റ്റ് അംഗീകരിക്കാനാവില്ല. പൊലീസും അറസ്റ്റും കണ്ട്‌ ഭയക്കുന്നവരല്ല കോൺഗ്രസും യൂത്ത്‌ കോൺഗ്രസും. അങ്ങനെയങ്ങ്‌ ഭയപ്പെടുത്തി പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാം എന്ന വ്യാമോഹം വേണ്ട. ഇനിയും പ്രതിഷേധിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യും, പ്രതിഷേധിക്കുകയും ചെയ്യും. സർക്കാറിന്റെ കൊള്ളരുതായ്മകളെ ഇനിയും തുറന്ന് കാണിക്കും. ടി. സിദ്ദീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ വധശ്രമത്തിന് ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.എസ് ശബരിനാഥന്‍ പ്രതികരിച്ചു. അറസ്റ്റ് വ്യാജമാണ്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

താന്‍ തീവ്രവാദിയൊന്നുമല്ല. തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരിനാഥന്‍ ആരോപിച്ചു.സ്വർണ്ണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം ആരോപിച്ചു. മോദിയുടെ ബി ടീമായി സിപിഐഎം മാറിയെന്നും യൂത്ത് കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം രം​ഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇ.പി ജയരാജന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളികളുടെ ട്രോളുകൾ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിലാകെ നിറയുന്നുണ്ട്.

Leave a Reply

Your email address will not be published.