അതിശക്തമായ മഴ; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു: സര്‍വ്വകലാശാലകള്‍ പരീക്ഷ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുന്നതിനാല്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് , കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും കേരളാ സര്‍വകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക. ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണ്. കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാല്‍ കാലാവസ്ഥ വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാര്‍ത്ഥികള്‍ സ്ഥാപനങ്ങളില്‍ എത്തേണ്ടതില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം.
നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് അവധി ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ഉത്തരവില്‍ പറയുന്നു.