Friday, January 10, 2025
Kerala

സെനറ്റിലേക്ക് മത്സരിച്ചത് ചട്ടങ്ങള്‍ പാലിച്ച്; എസ്എഫ്‌ഐയുടെ ആരോപണങ്ങള്‍ നിഷേധിച്ച് എംഎസ്എഫ് നേതാവ്

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എംഎസ്എഫ് നേതാവ്. ചട്ടങ്ങള്‍ പാലിച്ചാണ് കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്ന് എംഎസ്എഫ് നേതാവ് അമീന്‍ റാഷിദ് പറഞ്ഞു. നിലവില്‍ താന്‍ പഞ്ചായത്തില്‍ ജോലി ചെയ്യുന്നില്ലെന്നും കോളജിലെ റെഗുലര്‍ വിദ്യാര്‍ത്ഥിയാണെന്നും അമീന്‍ പറഞ്ഞു.

സര്‍വകലാശാല സെനറ്റില്‍ അംഗത്വം ലഭിച്ചത് വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന നിലയിലാണ്. മത്സരിച്ചതും ആ നിലയില്‍ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ചതിന് ശേഷമാണ് നോമിനേഷന്‍ പ്രക്രിയയടക്കം പൂര്‍ത്തിയായത്. അമീന്‍ റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമീന്‍ റാഷിദ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരനെന്നാണ് എസ്എഫ്ഐ പരാതി ഉന്നയിച്ചത്. എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറിയായ അമീന്‍ റാഷിദ് യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനാണെന്നായിരുന്നു എസ്എഫ്‌ഐ ആരോപണം.വിദ്യാര്‍ത്ഥി പ്രതിനിധിയായി സെനറ്റിലേക്ക് മത്സരിക്കണമെങ്കില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായിരിക്കണമെന്ന സര്‍വകാശാല നിയമം ലംഘിച്ചാണ് അമീന്‍ മത്സരിച്ചതെന്നാണ് പരാതി.

കഴിഞ്ഞ രണ്ട് വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന തച്ചനാട്ടുകര പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റാണ് അമീന്‍ റഷീദ്. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീനെ പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കുകയായിരുന്നു. മാസ ശമ്പളം കൈപ്പറ്റി കരാറിടസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിച്ചത് എങ്ങനെയെന്നാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്ന ചോദ്യം. അമീന്‍ റാഷിദ് റെഗുലര്‍ വിദ്യാര്‍ഥി അല്ലെന്നും സര്‍വകലാശാലാ ചട്ടം അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

എംഎസ്എഫിനുളളിലെ തന്നെ വിഭാഗീയതയാണ് അമീനിന്റെ സെനറ്റ് പ്രവേശനത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. അമീനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കുള്‍പ്പെടെ പരാതി നല്‍കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ഇതിനിടെയാണ് വിശദീകരണവുമായി അമീന്‍ റാഷിദ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *