Monday, April 14, 2025
Kerala

മോൻസൺ പല സഹായങ്ങളും ചെയ്തിട്ടുണ്ട്, അതിജീവിതയെ തനിക്കറിയില്ല; എം. വി​ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ കെ സുധാകരൻ

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും ഫോണിൽ വിളിച്ചാണ് ക്ഷമ ചോദിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയത്. പല സിനിമാ താരങ്ങളും, പൊലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത്. പൊലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ ആരോപിച്ചു. മോൻസണുമായി ബന്ധപ്പെട്ട പീഡനപരാതിയിലും കെ സുധാകരൻ എം വി ​ഗോവിന്ദനെതിരെ ആരോപണമുയർത്തി. എം വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണ്. നിയമ വിദഗ്ദരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരോപണത്തിൽ എം വി ഗോവിന്ദനേക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.

നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ എം വി ഗോവിന്ദൻ മറുപടി പറയേണ്ടി വരും. തന്നെ കുടുക്കാൻ ശ്രമം നടന്നപ്പോൾ ആരെന്ന് സംശയമുണ്ടായിരുന്നു. സിപിഐഎം ആണെന്ന് ഇപ്പോൾ വ്യക്തമായി. സാംസ്കാരിക കേരളത്തിന് അപമാനാണ് അപമാനമാണ്.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മാഷെന്ന് വിളിക്കുന്നത് തന്നെ ലജ്ജാകരമാണ്. അതിജീവിതയെക്കൊണ്ട് തൻ്റെ പേര് പറയിക്കാൻ ശ്രമം നടക്കുകയാണ്. അതിജീവിതയുമായി തനിക്ക് യാതൊരു പരിചയവുമില്ല. തനിക്കെതിരായ ആരോപണങ്ങളിൽ ഏതറ്റം വരെയും പോരാടുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *