പടർന്നു പിടിച്ച് ഡെങ്കിപ്പനി’; മലപ്പുറത്ത് ഇന്ന് ഒരു മരണം
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒൻപത് എലിപ്പനി മരണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്തു. ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തിൽ പുറത്തുവിടും. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കാലവർഷം എത്തും മുമ്പേ ശക്തിപ്രാപിച്ച പകർച്ചപനി കേരളത്തെ സാരമായി ബാധിച്ചു. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. പകർച്ചപനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. 165 പേരാണ് എലിപ്പനിയ്ക്ക് ഈ മാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോർട്ട് ചെയ്തു. ഇതോടെ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
പനിബാധിതരുടെ എണ്ണം സംബന്ധിച്ച് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനിബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടാകും.