സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി
സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. സ്‌കൂളുകൾ മിക്‌സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
2022 ജൂൺ മാസത്തിലാണ് സംസ്ഥാനത്തെ ബോയ്‌സ് ഗേൾസ് സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദേശം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. പിന്നാലെ ചില രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. സ്‌കൂളുകൾ മിക്‌സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകൾ മിക്‌സഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് സംസ്ഥാനത്തെ മുപ്പത്തിരണ്ട് സ്‌കൂളുകൾ മിക്‌സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളിൽ 5 വിദ്യാര്ഥിനികളാണ് പുതുതായി എത്തിയത്. തിരുവനന്തപുരം 7 കോഴിക്കോട് 6 എറണാകുളം 5 കോട്ടയം 5 കണ്ണൂർ 3 തൃശ്ശൂർ 3 പത്തനംതിട്ട 2 മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് മിക്‌സഡ് ആക്കിയ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.