Friday, April 11, 2025
Kerala

പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ല : മന്ത്രി വി ശിവൻകുട്ടി

പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്‌കൂളുകൾ മിക്‌സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് 18 സ്‌കൂളുകൾ നിലവിൽ മിക്‌സഡായി പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിർണായകമാകും. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കേരളത്തിൽ 280 ഗേൾ സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുമാണുള്ളത്. എല്ലാ സ്‌കൂളുകളും മിക്‌സഡ് ആക്കണമെന്ന ഉത്തരവ് സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കിയാലും സ്വകാര്യ സ്‌കൂളുകളിൽ ഇത് വെല്ലുവിളിയാകും. ഇക്കാര്യത്തിലുള്ള വിദ്യാഭ്യാസവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ ഇന്നുണ്ടാകും. ബാലാവകാശ കമ്മീഷൻ ഉത്തരവിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. ഇക്കാര്യത്തിൽ വിവിധ സംഘടനകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ബോയ്‌സ്, ഗേൾസ് സ്‌കൂൾ സംവിധാനം വേണ്ട എന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്. ലിംഗഭേദമില്ലാതെ കുട്ടികൾ പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ 90 ദിവസത്തിനകം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും നിർദേശിച്ചു. പുനലൂർ സ്വദേശി നൽകിയ ഹർജിയിലായിരുന്നു നിർണായക ഉത്തരവ്.

 

Leave a Reply

Your email address will not be published. Required fields are marked *