സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; ബീവറേജസ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യസാധനങ്ങൽ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാം. പൊതുഗതാഗതമുണ്ടാകില്ല. മദ്യവിൽപ്പന ശാലകൾക്കും പ്രവർത്തനാനുമതിയില്ല.
അവശ്യമേഖലകളിലും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും അനുമതിയുള്ളത്. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ നൽകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം.
നിർമാണ പ്രവർത്തനങ്ങൾ സാമൂഹിക അകലം പാലിച്ച് നടത്താം. പക്ഷേ പോലീസ് സ്‌റ്റേഷനിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. അതേസമയം ബുധനാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയേക്കും.