‘എന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ശ്രമിച്ചു’; ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു
മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. കെപിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. എങ്ങോട്ടാണ് പോകുന്നതെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ബാബു ജോർജ് പറഞ്ഞു.
തന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ശ്രമിച്ചുവെന്നും പി.ജെ കുര്യൻ, പഴകുളം മധു , ആന്റോ ആന്റണി, എന്നിവരുടെ നേതൃത്വത്തിൽ ഉപജാപക സംഘം പ്രവർത്തിക്കുന്നുവെന്നും ബാബു ജോർജ് ആരോപിച്ചു. ‘ഇവർ ആരെയും ഉയരാൻ സമ്മതിക്കുന്നില്ല. ജില്ലയിലെ ഉന്നത നേതാക്കളാണ് ഇതിന് പിന്നിൽ. എന്നെ സസ്‌പെൻഡ് ചെയ്തിട്ട് 3 മാസമായി. സസ്‌പെൻഷൻ പിൻവലിക്കണം എന്ന് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടും മറുപടിയില്ല. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് പ്രകോപനം ഉണ്ടാക്കിയത്. അക്കാര്യം അന്വേഷിച്ചില്ല. ഡിസിസി പ്രസിഡന്റ് സിസിടിവി ദൃശ്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഞാൻ പരാതിപെട്ടിട്ട് അതും അന്വേഷിച്ചില്ല’ ബാബു ജോർജ് പറഞ്ഞു.
ഭവനിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോർജിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു.