സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രളയ രക്ഷാ പ്രവർത്തന ഹീറോ ജെയ്‌സലിനെതിരെ കേസ്
മലപ്പുറം: ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ താനൂര്‍ സ്വദേശി ജെയ്‌സലിനെതിരെ കേസ്.
2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് കയറാന്‍ കുനിഞ്ഞു നിന്ന് മുതുക് ചവിട്ടുപടിയായി നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ് ജെയ്‌സല്‍. താനൂര്‍ സ്വദേശിയായ യുവാവാണ് ഇദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
താനൂര്‍ തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ നല്‍കി. കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ തങ്ങളെ ഇരുവരെയും വിട്ടതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞിരിക്കുന്നത്. പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് സമ്മാഹമായി ഇദേഹത്തിന് മഹീന്ദ്ര കാര്‍ സമ്മാനിക്കുകയും വിവിധ സംഘടനകള്‍ ലക്ഷങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.