കൊടുങ്ങല്ലൂരിൽ യുവതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ
കൊടുങ്ങല്ലൂരിൽ വസ്ത്രവ്യാപാരിയായ യുവതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. എറിയാട് സ്വദേശി റിയാസിനെയാണ്(26) ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് നടത്തിവരുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്
മാങ്ങാറപറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെയാണ്(30) റിയാസ് വെട്ടിക്കൊന്നത്. കടയടച്ച് രാത്രി കുട്ടികൾക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതി സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തുകയും റിൻസിയെ തുരുതുരാ വെട്ടുകയുമായിരുന്നു. റിൻസിയുടെ ശരീരത്തിൽ മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു
റിൻസിയെ വെട്ടാൻ ഉപയോഗിച്ച വലിയ കൊടുവാൾ സമീപത്തെ പറമ്പിൽ നിന്നും പോലീസ് കണ്ടെത്തി. റിയാസിന്റെ വീട്ടിൽ നിന്ന് രക്തം പുരണ്ട ചെരുപ്പും മൊബൈൽ ഫോണും കണ്ടെടുത്തു. റിൻസിയുടെ വസ്ത്രക്കടയിലെ മുൻ ജീവനക്കാരനായിരുന്നു റിയാസ്. പിന്നീട് ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു. റിൻസിയുടെ അയൽവാസി കൂടിയാണ് ഇയാൾ.