പ്രകടനപത്രികയിൽ പറഞ്ഞ 570 കാര്യങ്ങളും പൂർത്തിയാക്കി; ശബരിമലയിൽ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ലെന്നും നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വർഷവും പ്രകടന പത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടു.
600 കാര്യങ്ങൾ പ്രകടന പത്രികയിൽ പറഞ്ഞതിൽ 570 എണ്ണവും പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കൊവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായത്.
ഇ ശ്രീധരൻ എൻജിനീയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. എന്തും വിളിച്ചു പറയാൻ പറ്റുന്ന അവസ്ഥയിലേക്ക് ശ്രീധരൻ എത്തി. അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാം
ശബരിമലയിൽ ആശയക്കുഴപ്പം വേണ്ട. സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുമ്പോൾ ആലോചിക്കാം. നിലവിൽ ശബരിമലയിൽ യാതൊരു പ്രശ്‌നവുമില്ല. അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.