Wednesday, January 8, 2025
World

അപ്രതീക്ഷിത പടിയിറക്കം; ന്യുസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍

ഏറെ ലോകശ്രദ്ധയാകര്‍ഷിച്ച ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രാജിയ്‌ക്കൊരുങ്ങുന്നു. രാജി അടുത്ത മാസം ഉണ്ടാകുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ജസീന്ത ആര്‍ഡന്റെ രാജി പ്രഖ്യാപനം.

ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ തനിക്ക് ഊര്‍ജമില്ലെന്നും പ്രധാനമന്ത്രി പദം തന്നില്‍ നിന്നും പലതും എടുത്ത് കളഞ്ഞെന്നും വിശദീകരിച്ചുകൊണ്ടാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ജസീന്ത ആര്‍ഡന്‍ ഒഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാത്രമാണ് നിലവില്‍ ആഗ്രഹിക്കുന്നതെന്നും ജസീന്ത പറഞ്ഞു.

2017ല്‍ ന്യുസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ അന്ന് 37 വയസുകാരിയായ ജസീന്ത സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് കൂടിയായിരുന്നു. അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവും ജെസീന്ത തന്നെ. മാതൃകാപരമായ ഭരണം എന്ന് ന്യുസിലന്‍ഡിലെ പല സംഭവങ്ങളുടെ ഉദാഹരണവും ചൂണ്ടിക്കാട്ടി ലോകം ജസീന്തയെ വാഴ്ത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിലെ മികവ്, ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പിനോടുള്ള പ്രതികരണം, വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്‌ഫോടനത്തെ കൈകാര്യം ചെയ്ത രീതി മുതലായവയിലൂടെ ജെസീന്ത പലതവണ ലോകത്തിന്റെയാകെ കൈയടി നേടി. രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു ജെസീന്ത. ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *