സുധീഷ് വധം: ഒട്ടകം രാജേഷിനെ തെരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി; പോലീസുകാരൻ മരിച്ചു
പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് പണയിൽക്കടവിലാണ് അപകടം. ആലപ്പുഴ സ്വദേശിയും എസ് ഐ പി ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്
വർക്കല സിഐയും മൂന്ന് പോലീസുകാരും സഞ്ചരിച്ച വള്ളമാണ് മുങ്ങിയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ തുരുത്തിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് സംഘം വള്ളത്തിൽ പോയത്. എന്നാൽ കായലിൽ വെച്ച് വള്ളം മുങ്ങുകയായിരുന്നു
സിഐയെയും രണ്ട് പോലീസുകാരെയും രക്ഷപ്പെടുത്തി കരയിൽ എത്തിച്ചിരുന്നു. എന്നാൽ ബാലുവിനെ കാണാതായി. തെരച്ചിലിനൊടുവിൽ ബാലുവിനെ അവശനിലയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല