കൊച്ചിയിലെ തുറന്ന ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം; മൂന്ന് വയസുകാരന്‍ കാനയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി
കൊച്ചിയിലെ ഓടയില്‍ മൂന്നുവയസുകാരന്‍ വീണ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
ഓടകള്‍ മൂടുന്നത് സംബന്ധിച്ചും സംരക്ഷണ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കളക്ടര്‍ മേല്‍നോട്ടം വഹിക്കണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം ഓടകള്‍ സ്ലാബിട്ട് മൂടണം. അല്ലാത്ത വലിയ ഓടകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സംരക്ഷണ വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. പേരിനുവേണ്ടിയാകരുത് ഇത്തരം നടപടികള്‍ എന്നും കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടി കാനയില്‍ വീണതില്‍ ഖേദം പ്രകടിപ്പിച്ച കോര്‍പറേഷന്‍ സെക്രട്ടറി, കോടതി നല്‍കിയ സമയത്തിനുള്ളില്‍ സ്ലാബിടല്‍ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു.
അതേസമയം കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മാതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇങ്ങനെ ഒരപകടം ആര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
കൊച്ചി പനമ്പിള്ളി നഗറിറിലെ കാനയിലാണ് മൂന്നു വയസുകാരന്‍ വീണത്. കുട്ടി അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. അമ്മ കാലുകൊണ്ട് തടഞ്ഞുനിര്‍ത്തിയത് കാരണമാണ് കുഞ്ഞ് ഒഴുകിപ്പോകാതിരുന്നത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
മെട്രോയില്‍ ഇറങ്ങി അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുവരികയായിരുന്നു കുട്ടി. ഇതിനിടയിലാണ് കാല്‍ തെറ്റി കാനയിലേക്ക് വീണത്. കാന മൂടണമെന്ന് പരിസരവാസികളും കൗണ്‍സിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.