ജനശ്രദ്ധ തിരിക്കുന്നതിനായാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്ന് മുല്ലപ്പള്ളി
സ്വർണക്കടത്ത്, മയക്കുമരുന്ന് ഉൾപ്പെടെയഉള്ള ഗുരുതര ക്രമക്കേടുകളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായാണ് മുസ്ലിം ലീഗ് എംഎൽഎ വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു അഴിമതിയെയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു
കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. എന്നാൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഏജൻസിയായി വിജിലൻസ് അധ:പതിച്ചു. പാലാരിവാട്ടം പാലം നിർമാണ കരാർ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ കരമ്പട്ടികയിൽ പെടുത്തിയില്ല
ഇടതുസർക്കാർ ആയിരം കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ കമ്പനിക്ക് വീണ്ടും നൽകി. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.