പീച്ചി ഡാമിന്റെ പരിസരത്ത് ഭൂചലനം
തൃശൂർ: പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം ഉണ്ടായതായും ചില വീടുകളിലെ കട്ടിലുകൾ ചലിച്ചതായും നാട്ടുകാർ പറയുന്നു.
തൃശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം അനുഭവപ്പെട്ടു. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി. അഞ്ചുസെക്കൻഡ് നേരത്തേക്കാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഇടിമുഴക്കം പോലുളള ശബ്ദത്തോടുകൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. വീട്ടുകളുടെ ചുമരിൽ വിളളലുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.