Sunday, January 5, 2025
Kerala

ഓണാഘോഷം നിയന്ത്രണം പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനുള്ള അനുമതി നല്‍കും.

ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യ വകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *