മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തി; ബലി പെരുന്നാൾ ആഘോഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
ബലി പെരുന്നാൾ ആഘോഷം കൊവിഡ് പ്രോട്ടോകൾ പാലിച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലിക്കേണ്ട നിർദേശങ്ങൾ വിശദീകരിച്ചത്.
പരമാവധി ആഘോഷങ്ങൾ ചുരുക്കി ചടങ്ങുകൾ മാത്രം നിർവഹിക്കുക. പെരുന്നാൾ നമസ്‌കാരത്തിന് പള്ളികളിൽ മാത്രം സൗകര്യം ഏർപ്പെടുത്താമെന്നാണ് ഉയർന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളിൽ ഈദ് ഗാഹുകൾ ഉണ്ടായിരിക്കില്ല
സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പരമാവധി നൂറ് പേർ. അതിലധികം ആളുകൾ പാടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബലികർമവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനും ധാരണയായി. ടൗണിലെ പള്ളികളിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനുള്ള ശ്രദ്ധയുണ്ടാകണം.