‘അനനുകരണീയമായ ഒരു പൊതുപ്രവർത്തന ശൈലിയുടെ ഉടമ’; ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ധനമന്ത്രി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി. അനനുകരണീയമായ ഒരു പൊതുപ്രവർത്തന ശൈലിയുടെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം വിവിധ കോണുകളിൽ നിന്നും സ്നേഹ ബഹുമാനങ്ങൾ ലഭിച്ച ഒരു ജനകീയ നേതാവും ഭരണാധികാരിയും ആയിരുന്നു ഉമ്മൻചാണ്ടിയെന്ന് മൃഗസംരക്ഷണ മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി.
ധനമന്ത്രിയുടെ അനുശോചന കുറിപ്പ്:
അനനുകരണീയമായ ഒരു പൊതുപ്രവർത്തന ശൈലിയുടെ ഉടമയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്നും വിശ്രമമില്ലാതെ പൊതുപ്രവർത്തനത്തിൽ മുഴുകുകയും തിരക്കുകളിൽ ജീവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണ്. അര നൂറ്റാണ്ടിലധികം കാലമായി ഒരേ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്ന സവിശേഷത ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ അധികം പേർക്ക് അവകാശപ്പെടാനില്ല. ദേശീയ രാഷ്ട്രീയമായിരുന്നില്ല മറിച്ച് സംസ്ഥാന രാഷ്ട്രീയമായിരുന്നു എന്നും ഉമ്മൻചാണ്ടിയുടെ ഭൂമിക.
വിദ്യാർത്ഥി നേതാവായിരുന്ന കാലഘട്ടം മുതൽ തിരുവനന്തപുരം രാഷ്ട്രീയ തട്ടകമാക്കിയ അദ്ദേഹം അരനൂറ്റാണ്ടിലധികം കാലമായി കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതിനിർണായക സ്ഥാനത്തുണ്ട്. ഏറെ നയതന്ത്രജ്ഞതയോടെയും ഒട്ടൊരു കൗശലത്തോടെയും കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ദീർഘകാലം നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉമ്മൻചാണ്ടി സാറുമായി വിദ്യാർത്ഥികാലം മുതൽ തന്നെ മികച്ച ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞ ഒരാൾ എന്ന നിലയിൽ പെട്ടെന്ന് ഓർമ്മ വരുന്ന ഒരു കാര്യം എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്യുമ്പോൾ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനായി അദ്ദേഹം എടുക്കുന്ന മുൻകൈയാണ്.
വിദ്യാർത്ഥി സമരങ്ങളെ പരിപൂർണ്ണമായും അവഗണിക്കുന്ന ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റെത്. രാഷ്ട്രീയമായി അദ്ദേഹവുമായി കഠിനമായ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദവും ബഹുമാനവും എന്നും കാത്തുസൂക്ഷിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി പുറപ്പെടുന്നതിനു മുൻപ് ആലുവ പാലസിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ശാരീരികമായി പല ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും ഭരണപരമായ പല കാര്യങ്ങളെ സംബന്ധിച്ചാണ് അന്നും കൂടുതൽ സംസാരിച്ചത്. അസാമാന്യമായ ക്രയശേഷിയും നയതന്ത്രജ്ഞതയും പ്രത്യുൽപ്പന്ന മതിത്വവും അദ്ദേഹത്തിന് കൈമുതലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണിയുടെ അനുശോചന കുറിപ്പ്:
പ്രിയപ്പെട്ട ജനനേതാവ് ശ്രീ ഉമ്മൻചാണ്ടി ഓർമ്മയാകുന്നു. രാഷ്ട്രീയമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കും അപ്പുറം വിവിധ കോണുകളിൽ നിന്നും സ്നേഹ ബഹുമാനങ്ങൾ ലഭിച്ച ഒരു ജനകീയ നേതാവും ഭരണാധികാരിയും ആയിരുന്നു ശ്രീ ഉമ്മൻചാണ്ടി. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പകരം വയ്ക്കാനാകാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ഒരു വർഷം മുൻപ് കോട്ടയത്ത് ഗസ്റ്റ് ഹൗസിൽ അദ്ദേഹവുമായി മൃഗസംരക്ഷണ മേഖലയിലെ ചില വിഷയങ്ങളിൽ ഉണ്ടായ പരാതി സംബന്ധിച്ച് ചർച്ച ചെയ്യുകയുണ്ടായി. അനാരോഗ്യം അലട്ടുമ്പോഴും തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന പരിഹാരം കാണുന്നതിന് അദ്ദേഹം കാട്ടിയെ താല്പര്യ ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെ സ്നേഹത്തിനും ബഹുമാനത്തിനും കക്ഷിരാഷ്ട്രീയം ബാധകമല്ല എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ആ മഹാനുഭാവന് ആദരാഞ്ജലികൾ നേരുന്നു.