ചിമ്പാൻസിയുടെ പടത്തിൽ എം.എം മണിയുടെ ഫോട്ടോ വെച്ച സംഭവം; പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി
എം.എം മണിക്കെതിരായ മഹിളാ കോൺഗ്രസിന്റെ അധിക്ഷേപത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നെൽസൺ മണ്ടേലയുടെ ജന്മദിനമാണിന്നെന്നും നാമെല്ലാവരും വർണവെറിക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യർക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയിൽ ഓർക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം. അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വർണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യർ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നിൽക്കാം”. – മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.
ചിമ്പാൻസിയുടെ പടത്തിൽ എം.എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് മഹിള കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. കെ.കെ രമയെ അധിക്ഷേപിച്ചതിൽ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സംഭവം വിവാദമായതോടെ ഫ്ളക്സ് ഒളിപ്പിച്ചു. ചിമ്പാൻസിയുടെ പടം ഒഴിവാക്കി. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്ളക്‌സിലെ വാക്കുകൾ.