കൊടുങ്ങല്ലൂരിലെ റിൻസിയുടെ കൊലപാതകം: റിയാസിന് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ്
കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മുൻ വൈരാഗ്യം മൂലമെന്ന് പോലീസ്. മാങ്ങാരപറമ്പിൽ റിൻസി നാസറാണ്(30) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അയൽവാസിയായ റിയാസ്(25) റിൻസിയെ വെട്ടിയത്.
മക്കൾക്കൊപ്പം കടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. കുട്ടികളുടെ മുന്നിലിട്ട് റിൻസിയെ തുരുതുരാ വെട്ടുകയായിരുന്നു. 30ലധികം വെട്ടുകളാണ് ദേഹത്തുള്ളത്. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും റിയാസ് ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു
റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കി. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇത് അംഗീകരിക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ചികിത്സയിൽ കഴിയവെ ഇന്നാണ് റിൻസി മരിച്ചത്.