രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ പ്രയാസങ്ങൾ മാറി; ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും: ചെന്നിത്തല
പാർലമെന്ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണെന്നും ആ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചുവെന്നും രമേശ് ചെന്നിത്തല. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല
കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി രാഹുലിനെ ധരിപ്പിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം എന്നും ചേർന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മൻ ചാണ്ടിയും. നേതൃത്വമെടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുകയും അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. നാളെയും അതുപോലെ തന്നെയായിരിക്കും
രാഹുൽ ഗാന്ധിയുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി. തന്നെക്കുറിച്ച് ഒരു നെഗറ്റീവ് ഫീലിംഗും രാഹുൽ ഗാന്ധിക്കില്ലെന്നും വലിയ സ്‌നേഹവും താത്പര്യവുമാണ് രാഹുൽ ഗാന്ധിക്കെന്നും ചെന്നിത്തല പറഞ്ഞു
എഐസിസി ജനറൽ സെക്രട്ടറിയാകുന്നത് സംബന്ധിച്ച് ചർച്ചയിൽ താനൊന്നും ചോദിച്ചിട്ടില്ല. ഒരു സ്ഥാനമില്ലെങ്കിലും സാധാരണ പ്രവർത്തകനെ പോലെ പ്രവർത്തിക്കാൻ തയ്യാറാണെന്നും അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.