മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയില്‍; ദുബായിലും അബുദാബിയിലും പൗരസ്വീകരണം
മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി യുഎഇയിലെ പ്രവാസികള്‍. അടുത്തമാസം യുഎഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മേയ് ഏഴിന് അബുദാബിയിലും മെയ് 10 ന് ദുബായിലും സ്വീകരണം നല്‍കും. ഇതിനായി സ്വാഗതസംഘവും രൂപീകരിച്ചു.
അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനായി യു എ ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരംണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം യുഎഇയിലെത്തുന്നത്. അബുദാബിയിലും ദുബായിലും മുഖ്യമന്ത്രിക്ക് പൗരസ്വീകരണം നല്‍കും. നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് സ്വീകരണ പരിപാടി നടക്കുക.
അബുദാബിയില്‍ അബുദാബി നാഷണല്‍ തീയറ്ററിലാണ് പരിപാടി നടക്കുക. പരിപാടിക്കായി അഡ്വക്കേറ്റ് അന്‍സാരി സൈനുദ്ദീന്‍ ചെയര്‍മാനായും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ കണ്‍വീനറായുമുളള സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. ദുബായിലെ സ്വീകരണത്തിന് ദുബായിലെയും മറ്റ് വടക്കന്‍ എമിറേറ്റുകളിലെയും മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളടക്കം 351 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
ലോകകേരള സഭാ അംഗങ്ങള്‍ ഉള്‍പ്പെടുന്ന 51 അംഗ പ്രവര്‍ത്തക സമിതിയെയും നിശ്ചയിച്ചു. നോര്‍ക്ക ഡയറകടര്‍മാരായ എം. എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള, സി വി റപ്പായി, ജെകെ മേനോന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരും ഒപ്പമുണ്ടാകും.