ലീഗ് ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ല; നിലപാടിൽ ഒരു മാറ്റവുമില്ല; പി എം എ സലാം
സിറ്റിംഗ് എംഎൽഎയുമായി ചർച്ച നടത്തിയെന്ന ആർഎസ്എസ് വാദം തള്ളി മുസ്ലിം ലീഗ്. ലീഗിന്റെ ഒരു എംഎൽഎയും ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പി എം എ സലാം പറഞ്ഞു. ആർഎസ്എസിനോടുള്ള നിലപാടിൽ ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികളെ സംബന്ധിച്ച് വിഭാഗീയതകളില്ല. ഒറ്റക്കെട്ടായ തീരുമാനമെന്നും പി എം എ സലാം പറഞ്ഞു.
വിഭാഗീയത മാധ്യമസൃഷ്ടിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് എംഎൽഎയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു മുസ്ലീം ലീഗിന്‍റെ പ്രതികരണം.
ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധ സഭയുടെ വിശദാംശങ്ങള്‍ അറിയിക്കാനായി കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കാലങ്ങളായി എതിര്‍ ചേരിയില്‍ നില്‍ക്കുന്ന മുസ്ലിം ലീഗ് അടക്കമുളള പര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി വരുന്ന കാര്യം ആര്‍എസ്എസ് വെളിപ്പെടുത്തിയത്.
അതേസമയം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു.