അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല; നീതി ലഭിച്ചെന്ന് എംഎം മണി
അഞ്ചേരി ബേബി വധക്കേസിൽ തനിക്ക് നീതി കിട്ടിയെന്ന് മുൻമന്ത്രി എം.എം മണി. അഞ്ചേരി ബേബിയെ താൻ കണ്ടിട്ടുപോലുമില്ല. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയാണ് കേസെന്നും എം.എം മണി പ്രതികരിച്ചു. കേസിൽ വിടുതൽ ഹർജി കോടതി അംഗീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മണി.
ഇന്നാണ് കേസിൽ നിന്ന് എംഎം മണി അടക്കമുള്ള മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. 2012ൽ എംഎം മണി നടത്തിയ 1, 2, 3 വിവാദ പ്രസംഗത്തെ തുടർന്നാണ് 1982ൽ നടന്ന കൊലപാതകത്തിൽ വീണ്ടും കേസെടുത്തതും മണിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതും.
അതേസമയം കേസിൽ അപ്പീൽ പോകുമെന്ന് കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരൻ അഞ്ചേരി ജോർജ് പ്രതികരിച്ചു. പ്രോസിക്യൂഷൻ നിലപാട് പ്രതികൾക്ക് അനുകൂലമായിരുന്നുവെന്നും ജോർജ് പറഞ്ഞു.