Tuesday, January 7, 2025
Kerala

പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷം: കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലടിച്ചാലേ സിപിഐഎമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുകയുള്ളൂവെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇരുകൂട്ടരും തമ്മിലുള്ള സമന്വയത്തെയും സംവാദത്തെയും എതിർക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആർഎസ്എസ്സുമായി മുസ്ലിം സംഘടനകൾ ചർച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല. മുസ്ലിം സംരക്ഷകർ ചമഞ്ഞ് ആ സമുദായത്തെ അപകടത്തിലാക്കാനാണ് സിപിഐഎം എന്നും ശ്രമിച്ചിട്ടുള്ളത്. മുസ്ലിം സമുദായത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാൻ സാധിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്ത് ഇല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച് മതസ്പർധയുണ്ടാക്കി കലക്ക് വെള്ളത്തിൽ മീൻപിടിക്കുകയാണ് യെച്ചൂരിയും പിണറായിയും മറ്റ് ഇടത് നേതാക്കളും ചെയ്തുവരുന്നത്. സിഎഎ സമരക്കാലത്തെല്ലാം വലിയതോതിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് സിപിഎമ്മിന്റെയും പിണറായിയുടേയും നേതൃത്വത്തിൽ കേരളത്തിൽ നടന്നത്. പോപ്പുലർഫ്രണ്ടിന്റെ ഒഴിവ് നികത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാജ്യം ഐക്യത്തോടെയും ശാന്തിയോടെയും മുന്നോട്ട് പോകുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് ഇഷ്ടമല്ലായിരുന്നുവെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *