സുപ്രിംകോടതി വിധി, അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തുകയാണ് പിണറായി സർക്കാർ; കെ. സുരേന്ദ്രൻ
കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീംകോടതി നിരാകരിച്ചത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതിക്ക് കുടപിടിക്കാൻ നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തെ രാജ്യത്തിന് മുമ്പിൽ നാണംകെടുത്തുകയാണ്.
കേസിൻ്റെ വിധി വരും വരെ ചാൻസിലർക്ക് ആക്ടിംഗ് വിസിയെ നിയമിക്കാമെന്ന കോടതിയുടെ നിലപാട് ഇടതു സർക്കാരിൻ്റെ എല്ലാ വാദവും തള്ളുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎമ്മിനെ ഉപയോഗിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീംകോടതിക്കെതിരാണെന്ന് ഓരോ ദിവസവും വ്യക്തമായി വരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലാതായിരിക്കുകയാണ്. ഗവർണറാണ് ശരിയെന്ന് കേരളജനതക്ക് പൂർണമായും മനസിലായി കഴിഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരായ പോരാട്ടം ബിജെപി കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.